മലയാളസിനിമ ഇന്നും രണ്ട് സൂപ്പര്‍താരങ്ങളുടെ ചിറകിലേറി സഞ്ചരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇരുവരും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തുന്നതിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടുന്നു.
ചിലപ്പോള്‍ ഇവര്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ ഒരേ സ്വഭാവ വിശേഷങ്ങള്‍ ഉള്ളവരാകുന്നത് ആകസ്മികം. ദീപന്റെ ന്യൂസ്‌മേക്കര്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മാധ്യമ രംഗത്തേയ്ക്ക് കടക്കാനൊരുങ്ങുകയാണ്. ചിത്രത്തില്‍ ജേര്‍ണ്ണലിസ്റ്റായാണ് മമ്മൂക്ക പ്രേക്ഷകരുടെ മനം കവരാനൊരുങ്ങുന്നത്. അതേസമയം ജോഷി ചിത്രത്തിലൂടെ ലാലും മീഡിയ രംഗത്തെത്തുകയാണ്. സച്ചി-സേതു തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ ഒരു ചാനലിലെ ക്യാമറമാനായാണ് ലാല്‍ എത്തുന്നത്.
തന്റെ മുന്‍കാമുകി സബ്എഡിറ്ററായിരിക്കുന്ന ചാനലില്‍ ക്യാമറാമാനായി ലാല്‍ എത്തുന്നു. അവര്‍ തമ്മില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എങ്കിലും ഒരു വിവാദമായ സംഭവം ഇരുവരും ഒരുമിച്ച് കവര്‍ ചെയ്യുന്നു. ഇത്തരത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ സച്ചി പറയുന്നു.
പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും പി മാധവന്‍നായരും പൂര്‍ത്തിയാക്കിയ ശേഷം സ്‌പെയിനിലേയ്ക്ക് വിനോദയാത്രയ്‌ക്കൊരുങ്ങുന്ന ലാല്‍ അതിന് ശേഷം മാത്രമേ ജോഷി ചിത്രത്തില്‍ ജോയിന്‍ ചെയ്യൂ.