പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആലോചിയ്ക്കുന്നു. പുതിയ സിനിമയായ സ്‌നേഹവീട് റിലീസിനോടനുബന്ധിച്ച് ഒരു ചാനലിന് അഭിമുഖത്തിലാണ് മമ്മൂട്ടി ചിത്രത്തിന്റെ ആലോചനകളിലാണെന്ന് സത്യന്‍ വെളിപ്പെടുത്തിയത്.
പതിറ്റാണ്ടുകളായി സിനിമയിലുണ്ടെങ്കിലും മലയാളത്തിലെ ഈ രണ്ട ്പ്രതിഭകളുടെ സംഗമം വല്ലപ്പോഴുമേ സംഭവിച്ചിട്ടുള്ളൂ. ഇതില്‍ തന്നെ അര്‍ത്ഥം, കളിക്കളം എന്നീ ശരാശരി വിജയങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ ചിത്രങ്ങളും പരാജയപ്പെടുകയും ചെയ്തു. മോഹന്‍ലാല്‍, ജയറാം എന്നിവരെ നായകന്മാരാക്കി വമ്പന്‍ ഹിറ്റുകളൊരുക്കിയപ്പോഴും മമ്മൂട്ടിയെ നായകനാക്കി വമ്പന്‍ വിജയം നേടാന്‍ സംവിധായകന് കഴിഞ്ഞിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പെ മമ്മൂട്ടിയെ മുന്‍നിര്‍ത്തി ഗോളാന്തര വാര്‍ത്തയും കളിക്കളവും പോലുള്ള ഹാസ്യ സിനിമകളൊരുക്കാന്‍ ധൈര്യം കാണിച്ച സംവിധായകനാണ് സത്യന്‍. എന്നാല്‍ അന്നൊന്നും ഭാഗ്യദേവത ഇവരെ പിന്തുണച്ചില്ല. എന്നാല്‍ കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി കോമഡി സിനിമകളിലൂടെ വമ്പന്‍ ഹിറ്റുകള്‍ നേടാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞു. ഇങ്ങനെയൊരു മാറിയ സാഹചര്യത്തിലാണ് വീണ്ടും സത്യന്‍ അന്തിക്കാടിന്റെ സിനിമയിലേക്ക് മമ്മൂട്ടിയെത്തുന്നത്. ലൗഡ് സ്പീക്കര്‍, പ്രാഞ്ചിയേട്ടന്‍ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനം വിസ്മയാവഹമായിരുന്നുവെന്നും സത്യന്‍ അഭിമുഖത്തില്‍ പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കാം.
ജയറാമിനെയും മോഹന്‍ലാലിനെയും നായകനാക്കുന്നത് പോലെ എളുപ്പമല്ല മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുന്നതെന്ന് സത്യന്‍ അഭിമുഖത്തില്‍ പറയുന്നു. എന്തായാലും മമ്മൂട്ടിയ്ക്ക് പറ്റിയ തിരക്കഥ കിട്ടിയാല്‍ മാത്രമേ അദ്ദേഹത്തെ വച്ച് സിനിമ ചെയ്യൂ. ഇപ്പോള്‍ അങ്ങനെയൊരു തിരക്കഥയുടെ പിന്നാലെയാണ് സത്യന്‍ വ്യക്തമാക്കി.