ഡാഡി കൂള്‍ എന്ന വ്യത്യസ്തമായ മമ്മൂട്ടിച്ചിത്രവുമായിട്ടായിരുന്നു ആഷിക് അബു എന്ന ചലച്ചിത്രസംവിധായകന്റെ അരങ്ങേറ്റം. ചിത്രത്തിന് വന്‍വിജയമൊന്നും അവകാശപ്പെടാനില്ലെങ്കിലും, വ്യത്യസ്തതയുള്ള ട്രീറ്റമെന്റ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തു. അതില്‍ ആഷിക്കിന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രകടമായിരുന്നു.
പിന്നീട് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന മോഡേണ്‍ മൂവി എടുത്ത് ആഷിക് ചലച്ചിത്രലോകത്ത് തന്റെ കസേര ഉറപ്പിച്ചു. വന്‍ പ്രദര്‍ശനവിജയം നേടിയ സാള്‍ട്ട് ആന്റ് പെപ്പര്‍ കോടികളുടെ ലാഭമാണുണ്ടാക്കിയത്. ഈ വിജയപദത്തില്‍ നിന്നും ആഷിക് വീണ്ടും മമ്മൂട്ടിയിലേയ്ക്ക് എത്തുകയാണ്. ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ് ആഷിക് വീണ്ടും മമ്മൂട്ടിയെ നായകനാക്കുന്നത്.
നല്ല സ്റ്റൈലന്‍ അധോലോക ഇടിപ്പടമായിരിക്കും ഗാങ്്സ്റ്റര്‍ എന്നാണ് സൂചന. അടുത്തകാലത്തായി വന്‍ വിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത മമ്മൂട്ടിയ്ക്ക് 2012ല്‍ ഒരുപക്ഷേ മികച്ച വിജയം നല്‍കാന്‍ പോകുന്നത് ഈ ആഷിക്ക് ചിത്രമായിരിക്കുമെന്നാണ് അണിയറയിലെ സംസാരം.
ഇതിന് മുമ്പ് സാമ്രാജ്യം, പരമ്പര, ബിഗ് ബി, ബല്‍റാം വേര്‍സസ് താരാദാസ് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി അടിപൊളി അധോലോക നായകനായകരുടെ വേഷത്തില്‍ എത്തിയിട്ടുണ്ട്. ഇവയില്‍ മിക്കവയും നല്ല വിജയം നേടുകയും ചെയ്തിരുന്നു. അതിനാല്‍ത്തന്നെ ഏറെനാളുകള്‍ക്കുശേഷം വരുന്ന മമ്മൂട്ടിയുടെ അധോലോകചിത്രമെന്ന പേരില്‍ ഗാങ്സ്റ്റര്‍ ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്.