Three Crime Story malayalam movie Kunjaliyan Shutter Velayudham 7 aam Arivu Thalsamayam Oru Penkutty Sunday Ee Aduthakalathu unnam asuravithu Venicile Vyapari Ra One Sneham Ishtam Amma Sandwitch Ordinary
Trailer of the day

Tuesday, 4 October 2011

ആരാണ് ശരിക്കും രാജപ്പന്‍?




ഉദയനാണ്‌ താരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ദുഷിച്ച താരാധിപത്യം തുറന്നുകാട്ടാനാണ്‌ റോഷന്‍ ആന്‍ഡ്രൂസ്‌ എന്ന സംവിധായകന്‍ ശ്രമിച്ചത്‌. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ഉദയഭാനുവിന്റെ ഒടുങ്ങാത്ത അഭിനിവേശം തന്നെയായിരിക്കണം റോഷന്‍ ആന്‍ഡ്രൂസിനെയും സിനിമാ സംവിധായകനാക്കി മാറ്റിയത്‌.
ഉദയന്‌ തന്റെ ആദ്യ സിനിമ ഒരു സ്വപ്‌നമായിരുന്നു. എന്നാല്‍ തിരക്കഥ മോഷ്‌ടിക്കപ്പെടുന്നതിലൂടെ എല്ലാം തകിടം മറിയുകയാണ്‌. ഉദയന്റെ തിരക്കഥയില്‍ താരമായി മാറുന്ന സരോജ്‌ കുമാര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ഇന്നത്തെ മലയാള സിനിമയിലെ താരാധിപത്യത്തിന്റെ പരിച്‌ഛേദമാണ്‌. മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍താരത്തെ സാക്ഷിയാക്കിയാണ്‌ ശ്രീനിവാസന്‍ സരോജ്‌കുമാറിനെ അവതരിപ്പിച്ചത്‌. സരോജ്‌കുമാറിന്റെ കണ്‍ട്രികളായ അച്‌ഛനും അമ്മയും ഇട്ട രാജപ്പന്‍( ഈ പേര്‌ അത്ര മോശമൊന്നുമല്ല) എന്ന പേര്‌ മലയാള സിനിമയില്‍ വൃത്തികെട്ട ക്കോമാളിത്തരങ്ങള്‍ കാട്ടിക്കൂട്ടുന്ന സൂപ്പര്‍താരങ്ങള്‍ക്ക്‌ റോഷന്‍ ആന്‍ഡ്രൂസ്‌ ചാര്‍ത്തിക്കൊടുത്ത ബ്രാന്‍ഡ്‌ നെയിമാണ്‌. എന്നാല്‍ ഇന്ന്‌ യുവതാരം പൃഥ്വിരാജിനുമേല്‍ ആ പേര്‌ പതിപ്പിച്ചുനല്‍കാനുള്ള കുല്‍സിതശ്രമത്തിലാണ്‌ ചില കേന്ദ്രങ്ങള്‍. യഥാര്‍ത്ഥത്തില്‍ പൃഥ്വിരാജ്‌ ഒരു രാജപ്പനാണോ?

സിനിമാകുടുംബത്തില്‍ നിന്നാണെങ്കിലും വളരെ അപ്രതീക്ഷിതമായി സിനിമയിലെത്തിയ ആളാണ്‌ പൃഥ്വിരാജ്‌. 2002ല്‍ രഞ്‌ജിത്തിന്റെ നന്ദനത്തിലൂടെ പൃഥ്വിരാജ്‌ അരങ്ങേറിയപ്പോള്‍, അതുവരെ കണ്ടുപരിചയിച്ച നായകന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ശരീരഭാഷയുള്ള ഒരു നടനെയാണ്‌ മലയാള സിനിമയ്‌ക്ക്‌ ലഭിച്ചത്‌. ഓസ്‌ട്രേലിയയിലെ ഉന്നത പഠനത്തിനിടയില്‍ സിനിമാ അഭിനയത്തിനെത്തിയ പൃഥ്വിരാജിന്റെ ആദ്യ ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട്‌ 2003ല്‍ സ്വപ്‌നക്കൂടിലെ കുഞ്ഞൂഞ്ഞ്‌ ആണ്‌ പൃഥ്വിയുടെ കരിയറില്‍ നിര്‍ണായകമായി മാറിയത്‌. തുടര്‍ന്ന്‌ അനന്തഭദ്രം, വാസ്‌തവം, ക്‌ളാസ്‌മേറ്റ്‌സ്‌, മൊഴി, ചോക്‌ളേറ്റ്‌, തിരക്കഥ, പുതിയമുഖം, റോബിന്‍ഹുഡ്‌, രാവണന്‍, അന്‍വര്‍, ഉറുമി തുടങ്ങിയ ചിത്രങ്ങളിലൂടെ പൃഥ്വിരാജ്‌ മലയാള സിനിമയില്‍ സ്വന്തമായി ഒരിടം കണ്ടെത്തി. ഇതിനൊപ്പം മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലെ താരാധിപത്യത്തിനെതിരെയും സ്വന്തം നിലപാടുകളെക്കുറിച്ചും വളരെ ആത്‌മവിശ്വാസത്തോടെ പൃഥ്വിരാജ്‌ സംസാരിച്ചു. ഈ ആത്‌മവിശ്വാസത്തെ അഹങ്കാരമെന്ന്‌ വിളിച്ചാണ്‌ പലരും പരിഹസിച്ചത്‌.

ഇതിനിടയിലാണ്‌ പൃഥ്വിരാജിന്റെ വിവാഹം വരുന്നത്‌. വിവാഹം വളരെ രഹസ്യമായി നടത്തിയത്‌ ഒരു വലിയ കുറ്റമായി. ഒന്നു ചോദിക്കട്ടെ, ഒരാളുടെ വിവാഹം എങ്ങനെ നടത്തണമെന്നത്‌ അയാളുടെ അവകാശവും തീരുമാനവുമല്ലെ. വിവാഹശേഷമാണ്‌ പൃഥ്വിരാജുമായും ഭാര്യ സുപ്രിയയുമായും ജോണ്‍ ബ്രിട്ടാസ്‌ നടത്തിയ അഭിമുഖം ഏഷ്യാനെറ്റ്‌ ചാനലില്‍ സംപ്രേക്ഷണം ചെയ്‌തത്‌. സിനിമയില്‍ സൂപ്പര്‍ സ്‌റ്റാറുകള്‍ ഇല്ലാതാകുന്ന കാലമാണ്‌ താന്‍ സ്വപ്‌നം കാണുന്നത്‌, മമ്മൂട്ടിയും മോഹന്‍ലാലും ചെറുപ്പക്കാരുടെ വേഷം അവതരിപ്പിക്കരുത്‌ തുടങ്ങിയ പരാമര്‍ശങ്ങള്‍ വിവാദമാക്കി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ച്‌ ചര്‍ച്ച ചെയ്‌തു. യഥാര്‍ത്ഥത്തില്‍ പൃഥ്വിരാജ്‌ പറഞ്ഞതില്‍ എന്താണ്‌ തെറ്റ്‌. അമ്പതുവയസുള്ള നായകന്‍മാര്‍ മുപ്പതുകാരനായി 18 വയസുള്ള നായികമാരോടൊത്ത്‌ അഭിനയിക്കുന്നത്‌ വളരെ ബോറല്ലേ. ഒരുപക്ഷെ മലയാളിയുടെ മനോഭാവം കൊണ്ടാണ്‌ ഇത്‌ അംഗീകരിക്കപ്പെടുന്നത്‌. മറ്റേതെങ്കിലും ഭാഷകളില്‍ ഇത്‌ നടക്കുമോ? പിന്നെ താരപദവികളില്ലാതാകുന്ന കാലം മലയാള സിനിമയുടെ സുവര്‍ണകാലമായിരിക്കും. ഇപ്പോള്‍ താരങ്ങളെ ചുറ്റിപ്പറ്റിയാണ്‌ ഇവിടുത്തെ സിനിമ. താരാധിപത്യമില്ലെങ്കില്‍ ട്രാഫിക്ക്‌, സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ പോലെയുള്ള കൂടുതല്‍ നല്ല സിനിമകള്‍ നമുക്ക്‌ ലഭിക്കും.

ഇനി നമ്മുടെ ചര്‍ച്ചാ വിഷയത്തിലേക്ക്‌. പൃഥ്വിയുടെ ഏഷ്യാനെറ്റ്‌ അഭിമുഖത്തെ അധികരിച്ച്‌ പൃഥ്വിരാജപ്പന്‍ എന്ന പേരില്‍ നന്നായി എഡിറ്റ്‌ ചെയ്‌ത ഒരു വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നു. ജൂണ്‍ 18ന്‌ ബച്ചുവിവേക്‌ എന്ന പേരിലാണ്‌ ഈ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഹാസ്യത്തിന്റെ മേമ്പൊടിയിലാണ്‌ ഇത്‌ തയ്യാറാക്കിയതെങ്കിലും ഒരു യുവതാരത്തെ ഇത്രയധികം പരിഹസിക്കുന്നതിന്റെ ചേതോവികാരമെന്താണ്‌? ഇതുകൊണ്ടൊന്നും പൃഥ്വിരാജിനെതിരായ ആക്രമണം അവസാനിച്ചില്ല. ഫേസ്‌ബുക്കില്‍ ഐ ഹേറ്റ്‌ പൃഥ്വിരാജ്‌ എന്ന പേരില്‍ ഒരു ഗ്രൂപ്പ്‌ തുടങ്ങി. എന്തുകൊണ്ടാണ്‌ പൃഥ്വി ഇത്രയധികം പരിഹസിക്കപ്പെടുന്നത്‌? ചില സൂപ്പര്‍താരങ്ങള്‍ ചെയ്യുന്നതുപോലെ നികുതിവെട്ടിപ്പിലൂടെ കോടികണക്കിന്‌ സമ്പാദിക്കാത്തതുകൊണ്ടോ? അതോ അച്ചാര്‍ വില്‍പന, ഹോട്ടല്‍ പോലെയുള്ള ബിസിനസ്‌ സംരഭങ്ങള്‍ തുടങ്ങാത്തതുകൊണ്ടോ? ഇത്രയുംനാള്‍ അഭിനയിച്ച്‌ സമ്പാദിച്ച കാശ്‌ സിനിമയ്‌ക്കുവേണ്ടി മുടക്കാന്‍ പൃഥ്വിരാജ്‌ തീരുമാനിച്ചിരിക്കുന്നു. അതിന്റെ തുടക്കമാണ്‌ ഉറുമി. പൃഥ്വിരാജിന്റെ വളര്‍ച്ച ആരെയൊക്കെയോ അലോസരപ്പെടുത്തുന്നുണ്ട്‌. അതുകൊണ്ടാണ്‌ നെറ്റിലൂടെ അദ്ദേഹത്തിനെതിരെ ഇതുപോലെയുള്ള ആക്രമണങ്ങള്‍ തുടരുന്നത്‌.




മലയാളത്തിലെ രണ്ട്‌ സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ കുറെനാള്‍ മുമ്പ്‌ വരെ തമ്മില്‍ ചെയ്‌തിരുന്ന ഇടപാടുകള്‍ ഇപ്പോള്‍ പൃഥിയ്‌ക്കെതിരെ ഒന്നിച്ച്‌ നിന്ന്‌ ചെയ്യുകയാണ്‌. പൃഥ്വിയുടെ പടമിറങ്ങുമ്പോള്‍ തിയറ്ററുകളില്‍ ആളെകയറ്റി കൂവുകയും ബോധപൂര്‍വ്വമായ അശ്‌ളീല എസ്‌ എം എസുകള്‍ പടച്ചുവിടുകയും ചെയ്യുന്നു. ഇതിനിടയില്‍ മാതൃഭൂമി പത്രത്തിന്റെ ആദ്യപേജ്‌ ലേ ഔട്ടില്‍ പൃഥ്വിരാജ്‌ കൊല്ലപ്പെട്ടു എന്ന പേരില്‍ ക്രൂരമായ തമാശയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇതൊക്കെ സൂപ്പര്‍താരങ്ങളുടെ അറിവോടെയാണോ എന്നുമറിയില്ല. നേരത്തെ പറഞ്ഞതുപോലെ പൃഥ്വിരാജിന്റെ വളര്‍ച്ച തന്നെയാണ്‌ ഇവിടെ പ്രശ്‌നം. രഞ്‌ജിത്തിന്റെ ഇന്ത്യന്‍റുപ്പി പൂര്‍ത്തിയാക്കിയ പൃഥ്വിരാജ്‌ ഇനി, മാസ്‌റ്റേഴ്‌സ്‌, ഹീറോ, അയ്യാ(ഹിന്ദി), മല്ലുസിംഗ്‌, അരിവാള്‍ ചുറ്റിക നക്ഷത്രം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കും. കൈനിറയെ ചിത്രങ്ങളുള്ള പൃഥ്വിയ്‌ക്ക്‌ ആരെയും നോക്കണ്ട കാര്യമില്ല. കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണം നിര്‍ബാധം തുടരുമെന്നറിയാം. പക്ഷെ ഒന്നുറപ്പാണ്‌, ഇതൊന്നുംകൊണ്ട്‌ പൃഥ്വിരാജ്‌ എന്ന നടന്റെ വളര്‍ച്ച മുരടിക്കാന്‍പോകുന്നില്ല. തന്നെയുമല്ല മലയാള സിനിമയിലെ യഥാര്‍ത്ഥ രാജപ്പന്‍മാര്‍ ആരൊക്കെയാണെന്ന്‌ റോഷന്‍ ആന്‍ഡ്രൂസ്‌ തന്നെ നമുക്ക്‌ കാട്ടിത്തന്നിട്ടുണ്ട്‌

Twitter Delicious Facebook Digg Stumbleupon Favorites More