മോളിവുഡ് ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന കാസനോവയും കിങ് ആന്റ് കമ്മീഷണറും തമ്മിലുള്ള പോരിന് തുടക്കം. ക്രിസ്മസിന് റിലീസ് പ്രഖ്യാപിച്ചരിയിക്കുന്ന ഈ സിനിമകളുടെ ട്രെയിലറുകള്‍ പോലും ഒരേസമയത്താണ് പുറത്തു വന്നിരിയ്ക്കുന്നത്.
ഈ സിനിമകള്‍ക്ക് മുമ്പേ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും റിലീസുകള്‍ ഉണ്ടെങ്കിലും അതിന്റെയെല്ലാം ട്രെയിലറുകള്‍ പുറത്തിറങ്ങും മുമ്പെയാണ് ഈ ക്രിസ്മസ് സിനിമകളുടെ ട്രെയിലറുകള്‍ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.
വമ്പന്‍ ബജറ്റില്‍ മൂന്ന് സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്ന കിങ് ആന്റ് കമ്മീഷണറും കാസനോവയും ഇപ്പോള്‍ തന്നെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമകളെ കാത്തിരിയ്ക്കുന്നത്. ട്രെയിലറുകള്‍ അവരുടെ പ്രതീക്ഷകളെ വീണ്ടും മാനംമുട്ടെ ഉയര്‍ത്തുകയാണ്.
കിങിലെയും കമ്മീഷണറിലെയും നായകകഥാപാത്രങ്ങളെ അണിനിരത്തിയുള്ള കിങ് ആന്റ് കമ്മീഷണറിന്റെ ആദ്യ ട്രെയിലറിലും ഈ പഴയ സിനിമകളുടെ രംഗങ്ങളാണ് കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദി കിങ് ഓഫ് ഓള്‍ടൈംസ് എന്ന ടാഗ് ലൈനോടെ ദി കിങില്‍ ജോസഫ് അലക്‌സിന്റെ തകര്‍പ്പന്‍ ഇന്‍ഡ്രൊക്ഷന്‍ രംഗങ്ങളോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്.
തുടര്‍ന്ന് കിങിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ഇതിലുണ്ട്. പൗരുഷത്തിന്റെ പ്രതീകമെന്ന വിശേഷത്തോടെയാണ് കമ്മീഷണറിലെ സുരേഷ് ഗോപിയുടെ രംഗങ്ങള്‍ തുടങ്ങുന്നത്. പഴയ ചിത്രത്തിലെ ആക്ഷന്‍-ഡയലോഗ് രംഗങ്ങളുമാണ് പിന്നെയുള്ളത്. ഇതിനെല്ലാം ശേഷമാണ് കിങ് ആന്റ് കമ്മീഷണറിന്റെ പുതിയ പതിപ്പിലെ രംഗങ്ങള്‍ ട്രെയിലറില്‍ കാണാനാവുക. സമയദൈര്‍ഘ്യം കുറവാണെങ്കിലും താരങ്ങളുടെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.