Three Crime Story malayalam movie Kunjaliyan Shutter Velayudham 7 aam Arivu Thalsamayam Oru Penkutty Sunday Ee Aduthakalathu unnam asuravithu Venicile Vyapari Ra One Sneham Ishtam Amma Sandwitch Ordinary
Trailer of the day

Sunday 2 October 2011

നല്ല സിനിമയുടെ ആരാധകന്‍.


ആദ്യ ചിത്രത്തിലൂടെത്തന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ കലാകാരനാണ് നിര്‍മാതാവും നടനുമായ പ്രകാശ് ബാരെ. തൊഴില്‍ ബിസിനസ്സാെണങ്കിലും സിനിമയെ കച്ചവടമാക്കാന്‍ ആഗ്രഹമില്ലാത്ത അപൂര്‍വം ചിലരിലൊരാള്‍. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ‘സൂഫി പറഞ്ഞ കഥ’യിലൂടെ തമ്പി ആന്റണിയോടൊപ്പം നിര്‍മാതാവും നടനുമായി മലയാള ചലച്ചിത്രലോകത്തേക്ക് കാലൂന്നിയ ബാരെ പിന്നീട് ‘ജാനകി’, ‘അകം’ എന്നീ ചിത്രങ്ങളിലും സജീവ സാന്നിദ്ധ്യമായി. ഇപ്പോള്‍ ഒരു വിഖ്യാത പ്രതിഭയെ അഭ്രപാളിയിലെത്തിക്കാനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തിലാണ്. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതകഥ പറയുന്ന ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തില്‍ പി.യെ അവതരിപ്പിക്കുന്നത് ബാരെയാണ്. ഈ ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാണ് നല്ല സിനിമയുടെ ആരാധകനായ പ്രകാശ്ബാരെ.

‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തെക്കുറിച്ചു പറയാമോ?

മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ അഭ്രപാളിയിലെത്തിക്കാനുള്ള ശ്രമമാണീ ചിത്രം. ചിന്രതീകരണം പൂര്‍ത്തിയായി. അവസാനവട്ട ജോലികള്‍ നടക്കുന്നു. അടുത്തു തന്നെ റിലീസുണ്ടാകും. മറാത്തിയില്‍ ദാദാ സാഹേബ് ഫാല്‍ക്കെയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ഒരു ചിത്രം ഇറങ്ങിയിരുന്നു. അത് സാമ്പത്തികമായും കലാപരമായും വിജയിച്ചു. അതുപോലെയായിരിക്കും ഈ ചിത്രവും എന്ന് പ്രതീക്ഷിക്കുന്നു.

എങ്ങനെയാണ് ഈ ചിത്രത്തിന്റെ ഭാഗമാവുന്നത്? 

ഒരു അവധൂതനെേപ്പാലെ ജീവിച്ച വ്യക്തിയാണു പി. കുഞ്ഞിരാമന്‍ നായര്‍. ആ ജീവിതം വെള്ളിത്തിരയിലെത്തിക്കുക ഏറെ ശ്രമകരമാണ്. മുമ്പ് ഒട്ടേറെ ശ്രമങ്ങള്‍ പലരും നടത്തിയെങ്കിലും വിജയിച്ചില്ല. സംവിധായകന്‍ പി. ബാലചന്ദ്രന്‍ അതില്‍ വിജയിച്ചിരിക്കുന്നു. ഞാനുള്‍പ്പെടെയുള്ള നിര്‍മാതാക്കളും അഭിനേതാക്കളുമെല്ലാം തിരക്കഥ ഇഷ്ടപ്പെട്ട് ഈ ചിത്രത്തിന്റെ ഭാഗമായവരാണ്. രാജീവ് രവി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു മലയാള ചിത്രവുമായി സഹകരിക്കുന്നത്. ഒ.എന്‍.വി.യും കാവാലവും തങ്ങള്‍ അറിഞ്ഞ, മനസ്സിലാക്കിയ കവിക്കു വേണ്ടി വരികളെഴുതുന്നു.

പി.യെ അതുപോലെ അഭ്രപാളിയിലെത്തിക്കുകയാണോ?

അല്ല. കവിയുടെ ജീവിതത്തിലെ മാനുഷിക വശങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രമല്ലിത്. സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന നല്ല ചിത്രമായി എടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

കഥാപാത്രത്തെക്കുറിച്ച്?

കേന്ദ്ര കഥാപാത്രമായ പി. കുഞ്ഞിരാമന്‍ നായരെ അവതരിപ്പിക്കുന്നത് ഞാനാണ്. ഏറ്റവുമധികം മലയാളികള്‍ അറിഞ്ഞ ഒരാളെ അരങ്ങിലെത്തിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. അദ്ദേഹത്തിന്റെ മാനസികനില മനസ്സിലാക്കി അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കവിയെ അതേപടി അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല ചില മാറ്റങ്ങളുണ്ടുതാനും. ചിത്രത്തില്‍ കഥാപാത്രത്തിന്റെ പേര് മാധവന്‍ നായര്‍ എന്നാണ്. പി. കുഞ്ഞിരാമന്‍ നായര്‍ക്ക് താടിയുണ്ടായിരുന്നില്ല. എന്നാല്‍ മാധവന്‍ നായര്‍ക്ക് താടിയുണ്ട്.
നിര്‍മിക്കുന്ന ചിത്രത്തില്‍ മാത്രമേ അഭിനയിക്കൂ എന്നാണോ?
അങ്ങനെയില്ല. ഇതിനിടെ ‘അകം’ എന്ന ഒരു ചിത്രം ചെയ്തു. അതില്‍ നടന്‍ മാത്രമായിരുന്നു.

നാടകത്തില്‍ നിന്നാണ് സിനിമയിലെത്തുന്നത്. ഇപ്പോള്‍ നാടകങ്ങള്‍? 

നാടകവും സിനിമയും ഒരുമിച്ചു കൊണ്ടുപോകാനാണ് താത്പര്യം. ജയപ്രകാശ് കുളൂര്‍, വി.കെ. പ്രകാശ് എന്നിവരോടൊപ്പം ബാംഗ്ലൂരില്‍ ഒരു തീയേറ്റര്‍ ഫോറം രൂപീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് നാടകങ്ങളാണ് ആദ്യം ചെയ്യാനുദ്ദേശിക്കുന്നത്.
നാലു ചിത്രങ്ങള്‍ കൊണ്ടു തന്നെ താന്‍ നല്ല സിനിമകളെ സ്‌നേഹിക്കുന്നുവെന്ന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഈ മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടര്‍ക്ക്. ബാംഗ്ലൂരില്‍ സ്വന്തമായി നടത്തുന്ന ടെക്‌നോളജി ബിസിനസ്സില്‍നിന്നു കിട്ടുന്ന ലാഭം നല്ല സിനിമയ്ക്കുവേണ്ടി ചിലവാക്കാനും പ്രകാശ്ബാരെക്കു മടിയില്ല. അതിന് ബാരെക്ക് തന്റേതായ ന്യായങ്ങളുണ്ട്.- ”മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ കാശിറക്കി ലാഭം കൊയ്യാമെന്ന വ്യാമോഹമൊന്നും എനിക്കില്ല. പക്ഷേ, പലരും നടന്ന വഴിയേ നടന്ന് പരാജയപ്പെട്ടു നാണംകെടുന്നതിനേക്കാള്‍ നല്ലത് വ്യത്യസ്ത വഴിയിലൂടെ നടന്ന് പരാജയപ്പെട്ടാലും അഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കുന്നതാണ്.”
കടപ്പാട്: മാതൃഭൂമി

Twitter Delicious Facebook Digg Stumbleupon Favorites More